Рет қаралды 36,905
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.
ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം