Рет қаралды 22,908
വെളിച്ചത്തിൽ നിന്നും കൂരിരുട്ടിന്റെ ലോകത്തേക്ക് പതിയെ നടന്നെത്തിയെങ്കിലും നിരാശയും നൊമ്പരവുമില്ലാതെ അകക്കണ്ണിന്റെ വെട്ടത്തിൽ പശുക്കളുടെ സ്നേഹം ഊർജ്ജമാക്കി ജീവിതവഴി കണ്ടെത്തുകയാണ് ഈ കുടുംബം.കാഴ്ചയുടെ ലോകത്ത് നിന്നും ഉൾക്കാഴ്ചയുടെ തീരത്തേക്ക് പറിച്ചുനടപ്പെട്ട നാലുപേർ ഉൾപ്പടുന്ന ആറംഗ കുടുംബമാണ് ഒൻപത് പശുക്കളുമായി അതിജീവനത്തിന്റെ മാതൃകയാകുന്നത്.
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ പുല്ലൂപ്രം ആലപ്പാട് വീട്ടിൽ കുഞ്ഞുമോന്റെയും അന്നമ്മയുടെയും കുടുംബം പരിമിതികളെ പടവാളാക്കി പശുവളർത്തലിലൂടെ ജീവിതവഴി തേടുകയാണ്.
ഗൃഹനാഥനായ കുഞ്ഞുമോനും മക്കളായ ജോമോനും ജോമോളും ചെറുമകൾ അൻസലും കാഴ്ച പരിമിതിയുള്ളവരാണ്. വീട്ടിൽ കാഴ്ചയുള്ളത് കുഞ്ഞുമോന്റെ ഭാര്യ അന്നമ്മയ്‌ക്കും ജോമോളുടെ ഇളയ കുട്ടിക്കും മാത്രം. ജന്മനാ കാഴ്ചനഷ്ടപ്പെട്ടവരല്ല , നിറങ്ങളുടെ ലോകത്ത് നിന്നും ഇരുട്ടിലേക്ക് പതിയെ നടന്നു നീങ്ങിയവരാണിവർ.
കണ്ണിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പ് ക്രമേണ ചുരുങ്ങി കാഴ്‌ച കുറഞ്ഞുവരികയായിരുന്നു .ചികിത്സകൾ ഒരുപാട് ചെയ്‌തെങ്കിലും പാരമ്പര്യമായി വന്ന അസുഖത്തിന്റെ കാഠിന്യം ചികിത്സാ മാർഗ്ഗങ്ങൾക്കും അപ്പുറമായിരുന്നു.കാഴ്ച നഷ്ടപ്പെട്ടപ്പോഴും അവർ തളർന്നില്ല. തങ്ങൾ ചെയ്തുവന്ന പശുവളർത്തൽ തന്നെ ഉപജീവനമാർഗമാക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഉൾക്കാഴ്ചയുടെ ബലത്തിൽ തൊഴുത്തും പുൽത്തൊട്ടിയും വയ്ക്കോൽപുരയും ചാണകക്കുഴിയുമെല്ലാം അവർ അകകണ്ണിൽ കണ്ടു.
രാവിലെ നാലു മണിക്ക് എഴുന്നേൽക്കുന്ന കുഞ്ഞുമോൻ വാതിലിന്റെ ഓടാമ്പൽ ഇളക്കി നേരെ തൊഴുത്തിലേക്കെത്തും. പിറകെ ഇറങ്ങുന്ന ഭാര്യ അന്നമ്മയ്‌ക്ക് പടികടന്ന് പുറത്തിറങ്ങണമെങ്കിൽ വൈദ്യുതി വിളക്കിന്റെ സ്വിച്ചിടണം. തൊഴുത്തിനരികിൽ സൂക്ഷിക്കുന്ന പാത്രത്തിലേക്ക് അന്നമ്മ എത്തുംമുൻപേ കുഞ്ഞുമോൻ പിണ്ണാക്കും തീറ്റയും അളന്നിട്ടിരിക്കും. കലക്കിയെടുത്ത തീറ്റയുടെ പാത്രവുമായി പശുക്കൾക്ക് മുന്നിലേക്ക് ആയാസപ്പെട്ടെത്തി കൊമ്പിൽ പിടിച്ച് ഓരോന്നിനെയും തിരിച്ചറിഞ്ഞ് ഭക്ഷണം നൽകും.
ഇതിനിടയിൽ, ഇരുട്ട് മറികടന്ന് മകൻ ജോമോൻ തൊഴുത്തിലെത്തി ചാണകം വാരി വൃത്തിയാക്കും. പിന്നെ കാലളവിന്റെ മനക്കണക്കിൽ ചാണകക്കുഴി ലക്ഷ്യമാക്കി നടക്കും .ഇതിനിടെ ഭാര്യ അന്നാമ്മ പാൽപാത്രവുമായി തൊഴുത്തിലെത്തി കറവ തുടങ്ങിയിരിക്കും. വീടുകളിൽ നൽകാനായി കഴുകിവച്ച കുപ്പികളിൽ ഏകദേശം 40 ലിറ്ററോളം പാൽ ഒരു തുള്ളിപോലും തൂവാതെ അളന്നൊഴിക്കുന്നത് ജോമോളുടെ ജോലിയാണ്. ആറുമണിയോടെ പാൽക്കുപ്പികൾ നിറച്ച സഞ്ചിയുമായി ജോമോൻ ഓരോ വീടുകളിലേക്കും റോഡിന്റെ ഓരം ചേർന്നും വാഹനങ്ങളുടെ മുരൾച്ച കേൾക്കുമ്പോൾ ഭയന്ന് ഒഴിഞ്ഞുമാറിയും നടക്കും.
വീട്ടിൽ തിരികെ എത്തിയ ശേഷം പശുക്കൾ ഓരോന്നുമായി ദുർഘടമായ ഇടവഴിയിലൂടെ ജോമോൻ പാടത്തേക്ക് നടന്നുപോകും. കണ്ണുള്ളവർ പോലും തട്ടിവീഴാൻ സാദ്ധ്യതയുള്ള കൂർത്ത കല്ലുകൾ നിറഞ്ഞ നാട്ടിടവഴിയിലൂടെയുള്ള ജോമോന്റെ സഞ്ചാരം കണ്ടുനിൽക്കുന്നവരുടെ കരളിൽ നോവായിപടരും.കുളത്തിൽ നിന്നും വെള്ളമെടുത്ത് ഒാരോന്നിനെയും കുളിപ്പിക്കും.അനുസരണയുള്ള പശുക്കളാകട്ടെ കൊമ്പോ ,കുളമ്പോ കൊണ്ട് ഉപദ്രവമൊന്നും ഇതുവരെയും ഉണ്ടാക്കിയിട്ടില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
അന്നമ്മ എന്ന വീട്ടമ്മയുടെ ചുറ്റും ഉപഗ്രഹങ്ങളായി കറങ്ങുകയാണ് ഈ കുടുംബം. തന്റെ കാലശേഷം ഇരുട്ടിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോകുന്ന ഇവർ എങ്ങനെ ജീവിക്കുമെന്ന ആശങ്ക അന്നമ്മയ്ക്കുണ്ട്. വരുന്നതെല്ലാം വിധിക്ക് വിട്ടുകൊടുത്ത് ഭാവിയെക്കുറിച്ച് ആകുലപ്പെടാതെ പശുക്കളുടെ കരുതലിൽ ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബം.
സർക്കാർ നടപ്പാക്കുന്ന എല്ലാ സഹായ പദ്ധതികളിലും ഈ കുടുംബത്തെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട് .വിധിക്കെതിരെ പോരാടാൻ പശുവളർത്തൽ ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്ത ഇവർക്ക് വേണ്ടി വകുപ്പ് പ്രത്യേക പരിഗണന നൽകാറുണ്ട്.
-ഡോ .എബി കെ.എബ്രഹാം
അസി.പ്രോജക്ട് ഒാഫീസർ ,റാന്നി
#Cows #Cowfarm #Pathanamthitta