Рет қаралды 75
Presented By: Saravan Maheswer
Description Research: Muhammad Sageer Pandarathil
17.12 2024
"കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ എന്റെ വാക്കുകൾ - ഭാഗം - 99
മാധവികുട്ടിയെന്ന കമലാ സുറയ്യ
ലോകപ്രശസ്തയായ മലയാളി സാഹിത്യകാരി മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31 ആം തിയതി തൃശൂരിലെ പുന്നയൂര്‍ക്കുളത്തുള്ള നാലപ്പാട്ട് തറവാട്ടിലാണ് ജനിച്ചത്.
മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരും പ്രശസ്ത കവയത്രി ബാലാമണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.
കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്. പ്രായം കൊണ്ട് ഇവരേക്കാൾ ഏറെ മുതിർന്ന ആളായിരുന്ന അദ്ദേഹം 1992 ല്‍ നിര്യാതനായി.
1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇവരുടെ നിരവധി സാഹിത്യസൃഷ്ടികള്‍ കവിത/ ചെറുകഥ/ ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായി മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തംഭരാക്കുകയും സദാചാരവേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥ എന്ന ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്ന ഇവര്‍ 1999 ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്.
അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിക്കുകയും അക്കൊലം നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ഇവർ മത്സരിക്കുകയും ചെയ്തു.
എഴുത്തച്ഛന്‍ പുരസ്കാരം/വയലാര്‍ അവാര്‍ഡ്/സാഹിത്യ അക്കാദമി അവാര്‍ഡ്/ആശാന്‍ അവാര്‍ഡ്/ആശാന്‍ ലോക പുരസ്കാരം/ ഏഷ്യന്‍ കവിത പുരസ്കാരം/കെന്റ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അവരെ തേടിയെത്തിയീട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ചെയര്‍പേര്‍സന്‍/ കേരള ചിൽഡ്രൻസ് ഫിലിം പ്രസിഡന്റ്/എഡിറ്റര്‍ പോയറ്റ് മാഗസിന്‍/പോയറ്റ് എഡിറ്റര്‍ ഇല്ലുസ്ട്രാട്ടേഡ് വീക്ക് ലി ഓഫ് ഇന്ത്യ എന്നീ സ്ഥാനങ്ങള്‍ ഇവർ അലങ്കരിച്ചിട്ടുണ്ട്.
ഇവർ എഴുതി പ്രസിദ്ധമാക്കിയ നീര്‍മാതളം നില്‍ക്കുന്ന നാലപ്പാട്ട് തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം കൊടുക്കുകയുണ്ടായി. ഇപ്പോൾ അവിടെ പോകുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സാംസ്‌കാരിക സമുച്ചയം കാണാം.
ബാല്യകാല സ്‌മരണകള്‍/എന്റെ കഥ/മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍/നീര്‍മാതളം പൂത്തകാലം/നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് മലയാളത്തിലെ പ്രശസ്‌ത കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത/ ഓള്‍ഡ് പ്ലേ ഹൈസ്/ദി സൈറന്‍സ് എന്നിവയാണ് പ്രമുഖമായ ഇംഗ്ലീഷ് കൃതികള്‍.
സ്ത്രീയുടെ വികാരങ്ങളും കാമവും ലൈംഗികതയും ആശയും ആവേശവും ദുരിതങ്ങളും സഹനങ്ങളും പച്ചയായും ധൈര്യത്തോടെയും തുറന്നെഴുതാനുള്ള ഉൾക്കരുത്തുള്ള ആ എഴുത്തുകാരി 2009 മേയ് 31 ആം തിയതി പൂനെയില്‍ വെച്ചു അന്തരിച്ചു.
സ്‌നേഹത്തിന്റെ കഥകള്‍ ഇനിയുമൊരുപാട് അവശേഷിപ്പിച്ച് അവര്‍ കടന്നു പോയ അമ്മയുടെ വിശ്വാസത്തിനും അഭിലാഷത്തിനും ഒപ്പമാണ് തങ്ങളെന്ന് ഉറപ്പിച്ചു ഒറ്റ സ്വരത്തിൽ പറഞ്ഞ എം.ഡി. നാലപ്പാട്ട്/ ചിന്നന്‍ ദാസ്/ ജയസൂര്യ എന്നിവരാണ് ഇവരുടെ മക്കള്‍.
തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ വാകമരത്തണലില്‍ ആറടി മണ്ണോടു ചേര്‍ന്ന മലയാളത്തിന്റെ സാഹിത്യവസന്തമായ ഇവരുടെ ജീവിതകഥ ആസ്പദമാക്കി 2018 ൽ സംവിധായകൻ കമൽ ആമി എന്ന ചലച്ചിത്രം പുറത്തിറക്കിയിരുന്നു.
ഇതിനുമുമ്പും മറ്റുപലസംവിധായകരും ഇവരുടെ കഥകൾ സിനിമ ആക്കിയീട്ടുണ്ട്. അതിൽ ആദ്യമെന്ന് പറയാവുന്നത് 1988 ൽ ടി വി മോഹൻ സംവിധാനം ചെയ്ത ഓർമയിലെന്നും എന്ന ചിത്രമാണ്. അതേ വർഷത്തിൽ തന്നെ ഇവരുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന കഥ രുഗ്മിണി എന്ന പേരില്‍ കെ.പി.കുമാരൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രം ആ വർഷത്തെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാർഡും/ മികച്ച സംവിധായകൻ/നടി/കഥ എന്നീ മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിരുന്നു.
പിന്നീട് ഇവരുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ ആസ്പദമാക്കി 2000 ൽ ലെനിന്‍ രാജേന്ദ്രന്‍ മഴ എന്ന ചിത്രം സംവിധാനം ചെയ്യ്തിരുന്നു. 2006 ൽ സോഹൻലാൽ നീർമാതളം പൂത്തകാലം എന്ന ഇവരുടെ കഥ നീർമാതളത്തിന്റെ പൂക്കൾ എന്ന പേരിൽ സിനിമയാക്കിയീട്ടുണ്ട്.
2010 ൽ ബൈജു വട്ടപ്പാറ സംവിധാനം ചെയ്ത രാമ രാവണൻ എന്ന ചിത്രത്തിന്റെ കഥ ഇവരുടെ കഥയായ മനോമിയായിരുന്നു. 2013 ൽ സോഹൻലാൽ തന്നെ സംവിധാനം ചെയ്ത നാല് കഥകൾ അടങ്ങിയ കഥവീട് എന്ന ചിത്രത്തിലെ ഒരു കഥ ഇവർ എഴുതിയ കഥയായിരുന്നു.