Рет қаралды 68,388
Beautiful #Malayalam Poem written by Sri #AnilPanachooran. #bhtanthi
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊള്‍
ഇടനെഞ്ചറിയാതെ തേങ്ങി..
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്‌നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍നിലാവില്ല
തെരുവിന്നൊരനാഥനെ തന്നിട്ടുപോയവള്‍
തെറിവാക്ക് പറയുന്ന ഭ്രാന്തി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരുതുള്ളി ബീജം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി.